അന്വറിന്റെ പരാതി പാർട്ടി പരിശോധിച്ചു; ഉദ്യോഗസ്ഥ വീഴ്ച ഭരണതലത്തിൽ അന്വേഷിക്കും: എം.വി. ഗോവിന്ദൻ
Friday, September 6, 2024 6:32 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയുടെ പരാതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാതിയിൽ ഉന്നയിച്ചിട്ടുള്ളത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അത് ഭരണതലത്തിൽ പരിശോധിക്കേണ്ടതാണെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡു ചെയ്തിട്ടുണ്ട്. ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് ഭരണതലത്തിലുള്ള പരിശോധനയാണ് ഇതിൽ ഉണ്ടാകേണ്ടത് എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്.
അത്തരത്തിലുള്ള പരിശോധനയ്ക്കാവശ്യമായ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നൽകുന്ന സമിതിയെ ആണ് നിയോഗിച്ചിട്ടുള്ളത്. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണത്. മറ്റംഗങ്ങൾ കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡിജിപിയെ സഹായിക്കാനുള്ളവരാണ്.
അന്വേഷണ റിപ്പോർട്ട് ഒരുമാസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന സിപിഎം രീതി കോൺഗ്രസിലില്ല. സിമി റോസ്ബെല്ലിനെ കോൺഗ്രസ് പുറത്താക്കിയത് എന്ത് ചർച്ചയുടെ അടിസ്ഥാനത്തിലാണ്. അത് മാധ്യമങ്ങൾ ചർച്ചയാക്കിയില്ല.
സ്ത്രീകൾക്കെതിരെ ഈ നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി അഭിമാനകരമാണ്. മറ്റു സംസ്ഥാനങ്ങളിലും അത്തരം കമ്മിറ്റികൾ വേണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.