ചമഞ്ഞൊരുങ്ങി രാജനഗരി; അത്താഘോഷങ്ങൾക്കു തുടക്കം
Friday, September 6, 2024 12:02 PM IST
തൃപ്പൂണിത്തുറ: സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ രാജനഗരിയിൽ അത്താഘോഷങ്ങൾക്ക് തുടക്കം. തൃപ്പൂണിത്തുറ ഗവ.ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ രാവിലെ നിയമസഭാ സ്പീക്കർ എം.എൻ.ഷംസീർ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി അത്ത പതാകയുയർത്തി. നെട്ടൂർ തങ്ങൾ, കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വർണോജ്ജ്വലമായ അത്തച്ചമയ ഘോഷയാത്ര രാജവീഥിയിലേക്കിറങ്ങി.
അത്തം നാളിൽ രാവിലെ ആടയാഭരണങ്ങൾ അണിഞ്ഞ് സിംഹാസനസ്ഥനാകുന്ന രാജാവിന് മുന്നിലെത്തി നെട്ടൂർ തങ്ങൾ കുറുങ്കുഴൽ വായിക്കും. കരിങ്ങാച്ചിറ കത്തനാരും ചെമ്പിലരയനും സാക്ഷ്യം വഹിക്കുന്ന ചടങ്ങ് കഴിയുന്നതോടെയായിരുന്നു രാജാവിന്റെ ചമയപുറപ്പാട് നടന്നിരുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നിന് ഘോഷയാത്ര തിരിച്ചെത്തുന്നതോടെ സിയോൻ ഓഡിറ്റോറിയത്തിൽ പൂക്കളങ്ങളുടെ പ്രദർശനം തുടങ്ങും. വൈകിട്ട് അത്തം നഗറിൽ കലാസന്ധ്യയുടെ ഉദ്ഘാടനത്തിനുശേഷം തൊടുപുഴ ബീറ്റ്സിന്റെ ഗാനമേള നടക്കും.