സിമി റോസ്ബെല്ലിന്റെ ആരോപണം അന്വേഷിക്കണം; സതീശൻ കേരളത്തിന് അപമാനമെന്ന് ഡിവൈഎഫ്ഐ
Monday, September 2, 2024 12:05 PM IST
തിരുവനന്തപുരം: സിമി റോസ്ബെല്ലിന്റെ ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ. വി.ഡി. സതീശനെപ്പോലെയുള്ള പ്രതിപക്ഷനേതാവ് കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
പ്രതികരണം വന്നശേഷം ഇതുവരെയും യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും പ്രതികരിച്ചിട്ടില്ലന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ആരോപണവുമായി മുൻ എഐസിസി അംഗം സിമി റോസ്ബെല്ല് രംഗത്തെത്തിയിരുന്നു. ആരോപണത്തിന് പിന്നാലെ സിമിയെ കോൺഗ്രസിൽനിന്ന് പുറത്താക്കുകയുംചെയ്തിരുന്നു.
തനിക്ക് ലഭിക്കേണ്ട പാർട്ടിയിലെ അവസരങ്ങൾ നിഷേധിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടരും നിരന്തരം ശ്രമിക്കുകയാണെന്ന് സിമി റോസ്ബെൽ പറഞ്ഞിരുന്നു. അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും സിമി പറഞ്ഞു.
കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ളവർ തന്നെ അനുകൂലിക്കുന്നു. എന്നാൽ സതീശൻ തന്നെ അവഗണിക്കുകയാണ്. പിഎസ്സി കിട്ടിയില്ലേ, വീട്ടിലിരിക്കാൻ സതീശൻ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിമി പറയുന്നു.
എന്റെ പാർട്ടിയിൽ എനിക്ക് പ്രവർത്തിക്കണമെങ്കിൽ എന്റെയത്ര പോലും പ്രവർത്തിച്ചിട്ടില്ലാത്ത സതീശന്റെ അനുവാദം വേണോ?. അച്ഛൻ മരിച്ചപ്പോൾ രാഷ്ട്രീയത്തിൽ വന്ന ഹൈബി ഈഡന്റെ അനുവാദം വേണോ?. തനിക്ക് അർഹതയില്ലേ എന്നും അവർ ചേദിച്ചു.
ജൂനിയർ ആയ ദീപ്തി മേരി വർഗീസിനെ കെപിസിസി ജനറൽ സെക്രട്ടറി ആക്കി. അവർക്ക് മാധ്യമ വിഭാഗത്തിന്റെ ചുമതല നൽകി. ഇത് തന്നെ ഒഴിവാക്കാൻ വേണ്ടിയാണെന്നും സിമി പറഞ്ഞു.
ദീപ്തി സ്ഥാനാർഥിയെ തോൽപിക്കാൻ നടന്നു. എൽഡിഎഫിന് ചോർത്തിക്കൊടുത്തു. പാർട്ടിയെ വെല്ലുവിളിച്ചിട്ട് പോലും ദീപ്തിക്കെതിരെ എന്ത് നടപടിയെടുത്തു?. വേറൊരു പാർട്ടിയിലാണെങ്കിൽ സമ്മതിക്കുമോ എന്നും സിമി തുറന്നടിച്ചു.