കേരളത്തിനു കടുത്ത അവഗണന; ഓണം സ്പെഷൽ ട്രെയിൻ റദ്ദാക്കി
എസ്.ആർ. സുധീർ കുമാർ
Friday, August 30, 2024 8:01 PM IST
കൊല്ലം: കേരളത്തോടുള്ള റെയിൽവേ അധികൃതരുടെ കടുത്ത അവഗണന തുടരുന്നു. ഓണത്തിരക്ക് ഒഴിവാക്കാൻ ചെന്നൈ - കൊച്ചുവേളി റൂട്ടിൽ അനുവദിച്ച സ്പെഷൽ ട്രെയിൻ റദ്ദാക്കിയതാണ് കൊടിയ അവഗണനയുടെ ഒടുവിലത്തെ ഉദാഹരണം.
മാത്രമല്ല തമിഴ്നാടിനു പുതുതായി രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചപ്പോൾ കേരളത്തെ പരിഗണിച്ചത് പോലുമില്ല. നിലവിൽ ഉണ്ടായിരുന്ന ബംഗളൂരു - എറണാകുളം ത്രൈവാര വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ് അവസാനിപ്പിക്കുകയും ചെയ്തു. ഇത് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും റെയിൽവേ അധികൃതർ പരിഗണിച്ചിട്ടില്ല.
ചെന്നൈ - കൊച്ചുവേളി റൂട്ടിൽ സെപ്റ്റംബർ നാല്, ഏഴ്, 11, 18 നു പ്രഖ്യാപിച്ച ഓണം സ്പെഷൽ ട്രെയിൻ സർവീസ് റദ്ദാക്കിയെന്ന റെയിൽവേയുടെ അറിയിപ്പുവന്നത് ഇന്നലെയാണ്. തിരികെ കൊച്ചുവേളി - ചെന്നൈ സെൻട്രൽ റൂട്ടിൽ സെപ്റ്റംബർ അഞ്ച്, 12, 19, 26ന് ഓടുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്പെഷൽ ട്രെയിനും റദ്ദാക്കി.
സാങ്കേതിക കാരണങ്ങളാൽ സർവീസുകൾ റദ്ദാക്കുന്ന എന്ന ഒറ്റവരി വിശദീകരണമാണ് റെയിൽവേ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. മധുര- ബംഗളൂരു കന്റോൺമെന്റ്, ചെന്നൈ - നാഗർ കോവിൽ റൂട്ടുകളിലാണ് തമിഴ്നാടിനു പുതുതായി വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്.
ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുമെന്നാണ് വിവരം. ഇതോടെ ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്ന സംസ്ഥാനം എന്ന പദവി തമിഴ്നാടിന് സ്വന്തമാകും. 12 വന്ദേ ഭാരതുകളാണ് അവർക്ക് ലഭിക്കുന്നത്.
ചെന്നൈ - നാഗർകോവിൽ വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനും ഗുണം ചെയ്യുമെന്ന പ്രചാരണം റെയിൽവേ അധികൃതർ വ്യാപകമായി നടത്തുന്നുണ്ട്. നാഗർകോവിൽ വരെ വരുന്ന യാത്രക്കാർക്ക് പിന്നീട് പല മാർഗങ്ങളിലൂടെ കേരളത്തിൽ വേഗം എത്താൻ കഴിയുമെന്നാണ് പ്രചാരണം.
അതേ സമയം ചെന്നൈ - നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസ് തിരുവന്തപുരം വരെയോ കൊച്ചുവേളി വരെയെ നീട്ടിയാൽ ആയിരക്കണക്കിന് മലയാളികൾക്ക് അത് ഏറെ പ്രയോജനം ചെയ്യും. മാത്രമല്ല കേരളത്തിന് ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി അനുവദിച്ചുവെന്ന് റെയിൽവേയ്ക്ക് അവകാശപ്പെടുകയും ചെയ്യാം.
തമിഴ് നാടിനുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് മധുരയ്ക്ക് പോകുന്നതാണ്. അതേ സമയം ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് എറണാകുളത്തേയ്ക്ക് സർവീസ് നടത്തിയിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് സർവീസാണ് പൊടുന്നനെ റെയിൽവേ അവസാനിപ്പിച്ചത്.
ഈ ട്രെയിൻ രാവിലെ 5.30നാണ് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് എറണാകുളത്തേയ്ക്കു പുറപ്പെട്ടിരുന്നത്. ഇത് 6.30 ആക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യവും ഉയരുകയുണ്ടായി. സമയമാറ്റം സംബന്ധിച്ച് ദക്ഷിണ റെയിൽവേ തത്വത്തിൽ തീരുമാനവും എടുക്കുകയുണ്ടായി.
ബംഗളൂരു അടങ്ങുന്ന മേഖലയുടെയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ദക്ഷിണ പശ്ചിമ റെയിൽവേയുടെ അധികൃതരാണ്. അവർ സമയമാറ്റം സംബന്ധിച്ച കാര്യത്തിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തീരുമാനം ബോധപൂർവം വൈകിക്കുകയാണെന്നും സൂചനയുണ്ട്.
അതേസമയം അനുവദിച്ച ഓണം സ്പെഷൽ ട്രെയിനുകൾ റദ്ദാക്കിയിട്ടു പോലും കേരളത്തിൽ നിന്നുള്ള എംപിമാർ അടക്കമുള്ള ജനപ്രതിനിധികൾ ആരും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുമില്ല.