സിനിമാ പ്രമുഖർക്കെതിരായ കേസ്; അറസ്റ്റ് ഉടൻ വേണ്ടെന്നു നിർദേശം; ചോദ്യം ചെയ്യലുണ്ടാകും
എസ്.ആർ. സുധീർകുമാർ
Thursday, August 29, 2024 4:50 PM IST
കൊല്ലം: ലൈംഗിക ആരോപണക്കേസിൽ ഉൾപ്പെട്ട സിനിമാ രംഗത്തെ പ്രമുഖരുടെ അറസ്റ്റ് തിടുക്കത്തിൽ വേണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഉന്നത കേന്ദ്രങ്ങളിൽനിന്നു നിർദേശം നൽകിയതായി സൂചന. അന്വേഷണവുമായി ഉദ്യോഗസ്ഥ സംഘത്തിനു മുന്നോട്ടുപോകാം. അതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാവില്ല. കുറ്റാരോപിതർ സ്വന്തം നിലയിൽ നിരപരാധിത്വം തെളിയിക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിനും ഉള്ളത്.
അതേസമയം കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ വലിയ വെല്ലുവിളികളുമുണ്ട്. വർഷങ്ങൾക്കുമുമ്പു നടന്ന ബലാത്സംഗക്കേസിൽ മെഡിക്കൽ തെളിവുകൾ ശേഖരിക്കുക ദുഷ്കരമാണ്. ഇത്തരം തെളിവുകൾ ഇനി ലഭിക്കാനുള്ള സാധ്യതയും വിരളമാണ്.
തെളിവുകൾ ഇല്ലാതെ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് കോടതിയിൽ എത്തിയാൽ തള്ളിപ്പോകാൻ സാധ്യത ഏറെയാണൈന്ന് പോലീസിലെയും നിയമ രംഗത്തെയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീത്വത്ത അപമാനിച്ചുവെന്ന കേസിലും സാക്ഷി മൊഴികളാണ് ഏറ്റവും നിർണായകം. പൊതുസ്ഥലത്ത് വച്ച് സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഉണ്ടായാൽ തീർച്ചയായും സാക്ഷികൾ ഉണ്ടാകണം. ഇപ്പോഴത്തെ ഈ കേസുകളിൽ അത്തരം സാക്ഷികൾ ആരും ഇല്ല. കേസുകൾ പ്രമാദമായി മാറിയതിനാൽ ആരും സാക്ഷി പറയാൻ സ്വമേധയാ രംഗത്തുവരുമെന്നും അന്വേഷണ സംഘം കരുതുന്നില്ല.
മാത്രമല്ല നിലവിലെ കേസുകളിൽ പ്രതിസ്ഥാനത്ത് ഉള്ളവർ നിരപരാധികളാണെന്ന് തെളിഞ്ഞാൽ അവർ അന്വേഷണ സംഘത്തിലെ അംഗങ്ങൾക്കെതിരേ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാനുള്ള സാധ്യതയുമുണ്ട്.
ഇതൊക്കെ മുന്നിൽ കണ്ടാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്. വർഷങ്ങൾക്കുമുമ്പു നടന്ന ടെലിഫോൺ സംഭാഷണവും സന്ദേശങ്ങളും വീണ്ടെടുക്കുക എന്നതും അത്ര എളുപ്പമല്ല. പ്രതിസ്ഥാനത്തുള്ളവരെ എത്രയും വേഗം വിളിപ്പിച്ച് ചോദ്യം ചെയ്യുക എന്നതു മാത്രമാണ് അന്വേഷണ സംഘത്തിന് ആദ്യം പൂർത്തീകരിക്കാൻ കഴിയുന്ന കാര്യം.