വിവാഹത്തിനു മണിക്കൂറുകൾ മാത്രം; പ്രതിശ്രുത വരൻ ശുചിമുറിയിൽ മരിച്ച നിലയിൽ
Wednesday, August 28, 2024 2:52 PM IST
കൊണ്ടോട്ടി: പ്രതിശ്രുത വരനെ വിവാഹദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. രാവിലെ 7.30ന് ജിബിനെ ശുചിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയിൽ കയറിയതിന് ശേഷം ജിബിൻ വാതിൽ തുറന്നിരുന്നില്ല. തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ജിബിൻ. ഉടൻതന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
ദുബായിയിൽ ജോലിചെയ്യുന്ന ജിബിൻ നാട്ടിലെത്തിയിട്ട് നാലു ദിവസമേ ആയിട്ടുള്ളൂ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ഒരു സൂചനയുമില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ജിബിന്റെ ഫോൺ കോൾ വിവരങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.