ആരോപണം വന്നാൽ മാറിനില്ക്കണം; സിദ്ദിഖിന്റെ രാജി ആവശ്യപ്പെട്ട് മോഹൻലാലിന് മെയിൽ ചെയ്തിരുന്നു: അനൂപ് ചന്ദ്രൻ
Sunday, August 25, 2024 10:30 AM IST
തിരുവനന്തപുരം: നടിയുടെ ആരോപണത്തിനു പിന്നാലെ നടൻ സിദ്ദിഖ് "അമ്മ' ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിൽ പ്രതികരണവുമായി നടൻ അനൂപ് ചന്ദ്രൻ. സിദ്ദിഖിന്റെ രാജി ആവശ്യപ്പെട്ട് താൻ അമ്മ പ്രസിഡന്റ് മോഹൻലാലിന് രാവിലെ ഇ-മെയിൽ അയച്ചിരുന്നുവെന്ന് അനൂപ് ചന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.
ഇത്രയും ഗുരുതരമായ ആരോപണങ്ങള് പുറത്തുവന്നിട്ട് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അമ്മ എന്ന സംഘനയ്ക്ക് അപമാനമാണെന്നാണ് താൻ മെയിലിൽ അഭിപ്രായപ്പെട്ടത്. അദ്ദേഹം സ്വമേധയാ രാജിവെക്കുകയോ എക്സിക്യുട്ടീവ് കമ്മിറ്റി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയോ ചെയ്യണമെന്നും താൻ ആവശ്യപ്പെട്ടുവെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
ഒരു പെണ്കുട്ടി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞിരിക്കുകയാണ്. ആരോപണം വന്നാൽ മാറിനിൽക്കുക എന്നതാണ് മലയാളികളുടെ സംസ്കാരം. അഗ്നിശുദ്ധി വരുത്തിയാൽ തിരിച്ചുവരാം. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെയുള്ള അഗ്നിശുദ്ധിയാണ് ഇപ്പോൾ നടക്കുന്നതെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.
യുവനടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ ഇന്നു രാവിലെയാണ് സിദ്ദിഖ് രാജിവച്ചത്. "അമ്മ' പ്രസിഡന്റ് മോഹൻലാലിന് ഇ-മെയിലിൽ രാജിക്കത്തയച്ചു.
യുവനടി രേവതി സമ്പത്ത് ശനിയാഴ്ചയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. തനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സിദ്ദിഖിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ദുരനുഭവമുണ്ടായത്. ഒരു സിനിമ പ്രോജക്ട് ഉണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റിനിർത്തിയെന്നും നടി ആരോപിച്ചിരുന്നു.
അതേസമയം, രേവതി സമ്പത്തിന്റെ ആരോപണങ്ങളിൽ പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.