മദ്യനയ അഴിമതി: കേജരിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു
Friday, August 23, 2024 3:09 PM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസ് സെപ്റ്റംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.
കേസിൽ മറുപടി സത്യവാംഗ്മൂലം നൽകാൻ സിബിഐ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി വാദംകേൾക്കൽ മാറ്റിവച്ചത്. ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.
കേജരിവാളിന് ഇടക്കാല ജാമ്യം തള്ളിയ കോടതി സിബിഐയോടു നിലപാടു ചോദിച്ചിരുന്നു. കേജരിവാളിന്റെ അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് സിബിഐ കേജരിവാളിനെ അറസ്റ്റ് ചെയ്തത്. കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകാൻ ഓഗസ്റ്റ് 14ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സിബിഐയിൽനിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു.
മദ്യനയക്കേസിൽ ജാമ്യം ലഭിച്ച മനീഷ് സിസോദിയ നേരത്തെ പുറത്തിറങ്ങിയിരുന്നു. വിചാരണ തുടങ്ങാത്തത്തിന്റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിലിടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സിസോദിയയ്ക്കു കോടതി ജാമ്യം അനുവദിച്ചത്.