ഒഡീഷയിൽ വിഷ മദ്യം കഴിച്ച് 20 പേർക്ക് ദേഹാസ്വാസ്ഥ്യം
Wednesday, August 21, 2024 6:07 AM IST
ബെർഹാംപൂർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ വ്യാജമദ്യം കഴിച്ച് 20 ഓളം പേർക്ക് ശാരീരികാസ്വസ്ഥ്യം. ചികിതയിലെ മൗണ്ട്പൂർ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ആശുപത്രിയിൽ കഴിയുന്നവർ മൗണ്ട്പൂർ, ജെനാപൂർ, കരബലുവ ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. 14 പേർ ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലും അഞ്ചുപേർ ചികിതിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലുമാണ് ചികിത്സയിൽ കഴിയുന്നത്. രണ്ടുപേരെ എംസികെജി എംസിഎച്ചിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ ആറുപേരെ അറസ്റ്റു ചെയ്യുകയും 50 ലിറ്ററിലധികം മദ്യം പിടികൂടുകയും ചെയ്തു. അനധികൃത മദ്യവിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പുതിയ എക്സൈസ് നയത്തിൽ മദ്യക്കടത്ത് തടയാൻ നടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു. എക്സൈസ് കമ്മീഷണർ നരസിംഗ ഭോൽ, ജില്ലാ കളക്ടർ ദിബ്യജ്യോതി പരിദ എന്നിവർ ആശുപത്രി സന്ദർശിച്ചു.
മദ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ അനധികൃത മദ്യ വിൽപ്പന കേന്ദ്രങ്ങളിൽ റെയ്ഡ് ശക്തമാക്കാൻ പോലീസ്, ഫോറസ്റ്റ്, എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ജോയിന്റ് ആക്ഷൻ ടീമിനെ രൂപീകരിക്കുമെന്ന് ഭോൽ പറഞ്ഞു.