ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടും
Thursday, August 15, 2024 12:52 PM IST
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ ശനിയാഴ്ച പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക.
മൊഴിനല്കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിടുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ മാസം 24ന് റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെയാണ് ഇത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. എന്നാൽ റിപ്പോര്‍ട്ട് പുറത്തുവിടാമെന്നു നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2019ല്‍ കൈമാറിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതിനെത്തുടര്ന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കം നല്കിയ അപേക്ഷയില്‍, സ്വകാര്യത ലംഘിക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോര്‍ട്ട് നല്കാന് വിവരാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കുന്ന ദിവസമായിരുന്നു ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.