തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം; കാർ കണ്ടെത്തി
Wednesday, August 14, 2024 6:56 PM IST
തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസിൽ നിർണായക വഴിത്തിരിവ്. അക്രമിസംഘം സഞ്ചരിച്ച കാർ പോലീസ് കണ്ടെത്തി. പൂന്തുറ ഭാഗത്ത് കാർ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
തമിഴ്നാട് സ്വദേശിയായ യുവാവ് ഓട്ടോറിക്ഷയിൽ തമ്പാനൂരിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽവച്ചായിരുന്നു സംഭവം.
തമിഴ് സംസാരിച്ചിരുന്ന യുവാവാണ് ഓട്ടോയിൽ കയറിയതെന്ന് ഡ്രൈവർ വൈശാഖ് പറഞ്ഞു. തിരുനെൽവേലി ഭാഗത്തേക്ക് ബസിൽ പോകാൻ തമ്പാനൂർ സ്റ്റാൻഡിലേക്ക് പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
യാത്രക്കാരൻ ആരാണെന്ന് ഇനിയും വ്യക്തമായില്ലെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.