നീരജ് ചോപ്ര ഉടൻ ഇന്ത്യയിലെത്തില്ല; വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് പോയി
Tuesday, August 13, 2024 9:01 PM IST
പാരീസ്: നീരജ് ചോപ്ര വിദഗ്ധ ചികിത്സയ്ക്കായി പാരീസില്‍ നിന്ന് ജര്‍മനിയിലേക്ക് പോയി. നീരജ് ഉടൻ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നാണ് സൂചന.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നീരജ് ജര്‍മനിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുമെന്നാണ് വിവരം. ഇങ്ങനെയെങ്കില്‍ നീരജ് ഒന്നര മാസം ജര്‍മനിയില്‍ തുടരും. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് മുൻപ് നീരജ് സൂചിപ്പിച്ചിരുന്നു.
നേരത്തേ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നെങ്കിലും ഒളിമ്പിക്കസിന് ശേഷം ചികിത്സ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടയിലെ മസിലിനേറ്റ പരിക്കുമായാണ് നീരജ് പാരീസ് ഒളിമ്പിക്ക്സിൽ പങ്കെടുത്തത്.
ഇന്ത്യയ്ക്ക് പാരീസ് ഒളിമ്പിക്ക്സിൽ ആകെ ലഭിച്ച വെള്ളി നീരജിന്റെ ജാവലിൻ ത്രോയിലൂടെയാണ്. ടോക്യോ ഒളിമ്പിക്ക്സിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ നേടിയ താരമാണ് നീരജ് ചോപ്ര.