വയനാട് ദുരന്തം; അടിയന്തര ധനസഹായം നൽകിത്തുടങ്ങിയെന്ന് കെ. രാജൻ
Tuesday, August 13, 2024 8:29 PM IST
കല്‍പ്പറ്റ: വയനാട് ദുരന്തബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ ഇന്ന് മുതൽ നൽകിത്തുടങ്ങിയെന്ന് റവന്യു മന്ത്രി കെ. രാജൻ. അക്കൗണ്ട് നമ്പർ നൽകിയവർക്കാണ് തുക നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 20 നുള്ളിൽ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നത്. അതിനുള്ളിൽ വാടക വീടുകള്‍ കൈമാറാനാണ് ശ്രമിക്കുന്നത്. എല്ലാ മെമ്പർമാരെയും രംഗത്തിറക്കി വാടകവീട് അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
അഞ്ച് പഞ്ചായത്തുകളിലും ഒരു മനിസിപ്പാലിറ്റിയിലുമായാണ് ആളുകളെ താമസിപ്പിക്കുന്നത്. ബന്ധുവീടുകളിൽ താമസിക്കുന്നവർക്കും സർക്കാർ അനുവദിച്ച വാടക ലഭ്യാമാക്കുമെന്നും കെ. രാജൻ വ്യക്തമാക്കി.
നഷ്ടപ്പെട്ട 138 രേഖകൾ ഇതുവരെ കൈമാറിയിട്ടുണ്ട്. 231 ആണ് നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണ സംഖ്യ. 437 ശരീര ഭാഗങ്ങൾ ആണ് ഇതുവരെ ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.