ഓഗസ്റ്റ് 21ന് ദളിത് സംഘടനകളുടെ സംസ്ഥാന ഹർത്താൽ
Tuesday, August 13, 2024 3:02 PM IST
കോട്ടയം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 21-നാണ് ഹർത്താൽ നിശ്ചയിച്ചിരിക്കുന്നത്. വിധിക്കെതിരേ ഭീം ആര്‍മിയും വിവിധ ദളിത് -ബഹുജന പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാന ഹര്‍ത്താലും നടക്കുന്നത്. ഹർത്താലിന് എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നൽകണമെന്ന് വിവിധ ദളിത് സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി മറികടക്കാര്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാ തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്സി, എസ്ടി ലിസ്റ്റ് 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയ തലത്തില്‍ നടത്തണമെന്നും വിവിധ ദളിത് സംഘടനകൾ ആവശ്യമുന്നയിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് ദളിത്-ആദിവാസി സ്ത്രീ-പൗരാവകാശ കൂട്ടായ്മ ചെയര്മാന് എം. ഗീതാനന്ദന് അറിയിച്ചു. ഹര്‍ത്താലിന് ശേഷം ദേശീയ തലത്തില്‍ ഇടപെടുന്നതിന് വേണ്ടി വിവിധ സംഘടനാ നേത്യത്വത്തില്‍ 24ന് എറണാകുളം അധ്യാപകഭവനില്‍ ഏകദിന ശില്പശാല നടത്തുന്നുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് വിഷയത്തില്‍ വിധി പ്രസ്താവിച്ചത്. എസ്സി പട്ടികയില്‍ ഉള്‍പ്പെട്ട വിഭാഗങ്ങളെ വീണ്ടും ഉപവിഭാഗങ്ങളായി തിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു വിധി.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളിലെ ക്രീമിലെയറിനെ തിരിച്ചറിയാനും സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ നയരൂപവത്കരണം നടത്തണമെന്നായിരുന്നു കോടതി ഉത്തരവ്.