മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം
Monday, August 12, 2024 9:28 AM IST
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് യോഗം ചേരും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിലാണ് യോഗം.
ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കൈക്കൊള്ളേണ്ട തുടര്‍ നടപടികളും യോഗം ചര്‍ച്ചചെയ്യും.
നേരത്തെ, ഡാം ഡീ കമ്മീഷന് ചെയ്യണമെന്ന ആവശ്യം കേരള എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവിധ സംഘടനകളും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായിരുന്നു സന്ദര്‍ശനം.
അതേ സമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് ഉയര്‍ത്തുന്നത് തമിഴ്നാടിന്റെ താത്പര്യവും വാദങ്ങളുമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി വിമര്‍ശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി ഡാം താങ്ങും എന്നത് തമിഴ്നാടിന്റെ കാലങ്ങളായുള്ള വാദമാണ്. ഇതുതന്നെയാണ് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞത്. കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രി അത്തരമൊരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നെന്ന് ഡീന്‍ ചൂണ്ടിക്കാട്ടി.