സെബി മേധാവിയുമായി വാണിജ്യ ബന്ധമില്ല; ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്
Sunday, August 11, 2024 1:59 PM IST
ന്യൂഡൽഹി∙ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർപഴ്സന്‍ മാധവി പുരി ബുച്ചിനെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്.
മാധുബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവൽ ബുചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല. തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് അമേരിക്കൻ കമ്പനി നടത്തുന്നതെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
വ്യക്തിഗത ലാഭം കൊയ്യുന്നതിനായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട നിഗമനങ്ങളിൽ എത്തിച്ചേരുകയാണ് ഹിൻഡൻബർഗ്. അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും 2024 ജനുവരിയിൽ സുപ്രീംകോടതി തള്ളുകയും ചെയ്ത അപകീർത്തികരമായ വിവരങ്ങൾ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വിമർശിച്ചു. തങ്ങളുടെ വിദേശ സ്ഥാപനങ്ങളുടെ ഘടന പൂർണമായും സുതാര്യമാണെന്നും അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു.
അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ ഇവർക്ക് നിക്ഷേപമുണ്ടെന്നും ഹിഡൻബർഗ് വെളിപ്പെടുത്തി.
അദാനി ഗ്രൂപ്പിന് വിദേശ രാജ്യങ്ങളിൽ രഹസ്യനിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ സെബി ക്ലീൻ ചിറ്റ് നൽകി. 2024 ജൂൺ 27ന് ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസും നൽകി.
ഇതിനുപിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമാണെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു.