തനിക്കെതിരായ ആരോപണം ഹിൻഡൻബർഗിന്റെ പ്രതികാര നടപടി: മാധബി പുരി ബുച്ച്
Sunday, August 11, 2024 7:21 AM IST
ന്യൂഡൽഹി: ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും അവർ വ്യക്തമാക്കി.
ഹിൻഡൻബർഗിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയതിന്റെ പ്രതികാര നടപടിയാണ് ഇത്. ഏത് ഏജൻസികൾക്കും രേഖകൾ നൽകാൻ തയാറാണെന്നും മാധബി പൂരി ബുച്ച് പറഞ്ഞു.
നേരത്തെ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർപഴ്സന്‍ മാധവി പുരി ബുച്ചിനെതിരെ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിന്റെ രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധവി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നാണ് ഹിൻഡൻബർഗ് ആരോപണം.
അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ ഇവർക്ക് നിക്ഷേപമുണ്ടെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിഡൻബർഗ് വെളിപ്പെടുത്തി. മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ആരോപണം.
അദാനി ഗ്രൂപ്പിന് വിദേശ രാജ്യങ്ങളിൽ രഹസ്യനിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ സെബി ക്ലീൻ ചിറ്റ് നൽകി. 2024 ജൂൺ 27ന് ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസും നൽകി.
ഇതിനുപിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിനു പിന്നിൽ ഈ ബന്ധമാണെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു.