വയനാട് ദുരന്തം: പ്രധാനമന്ത്രിയോട് സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Saturday, August 10, 2024 10:45 PM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു. പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറി.
നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.