വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയില്‍നിന്ന് പ്രകമ്പനം; ആളുകളെ ഒഴിപ്പിക്കുന്നു
Friday, August 9, 2024 1:37 PM IST
വയനാട്: വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയില്‍നിന്ന് വലിയ മുഴക്കവും പ്രകമ്പനവും കേട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി. നിലവില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. വയനാട്ടിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലുള്ള സ്ഥലങ്ങളിലാണ് ഭൂമിക്കടിയില്‍നിന്ന് അസാധാരണ ശബ്ദം കേട്ടത്. രാവിലെ 11ഓടെയാണ് പ്രകമ്പനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു.
കോഴിക്കോട്ടെ കൂടരഞ്ഞി, മുക്കം മേഖലകളിലാണ് മുഴക്കം കേട്ടത്. അതേസമയം ഇത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്മോളജി സെന്റര്‍ സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റെന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും സീസ്മോളജി സെന്റര്‍ അറിയിച്ചു.
പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.