ഡോ. വന്ദന ദാസ് വധക്കേസ്: പ്രതിയുടെ വിടുതൽ ഹർജി തള്ളി സുപ്രീം കോടതി, സംസ്ഥാനത്തിന് നോട്ടീസ്
Friday, August 9, 2024 1:11 PM IST
ന്യൂഡൽഹി: ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി സുപ്രീംകോടതി. വിടുതൽ ഹർജി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകി.
കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന് രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റീസ് അഭയ് എസ്. ഓഖാ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിടുതൽ ഹർജി തള്ളുകയായിരുന്നു. പ്രതി സന്ദീപിനായി അഭിഭാഷകൻ ബി.എ. ആളൂർ, എം.കെ. അശ്വതി എന്നിവരാണ് ഹാജരായത്.
2023 മേയ് പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിനിയായിരുന്ന ഡോ. വന്ദന ദാസ് (23) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. പോലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രി എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് (42) ഡോ. വന്ദന ദാസ് ഉള്‍പ്പെടെ അഞ്ചുപേരെ കുത്തുകയായിരുന്നു.
അക്രമത്തില്‍ കഴുത്തിനും നെഞ്ചിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട്, അന്വേഷണം ശാസ്ത്രീയമായി പൂര്‍ത്തീകരിച്ച് കേസില്‍ കുറ്റപത്രം നല്‍കിയിരുന്നു.
കൊല്ലം നെടുമ്പന യുപി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.