ദുരന്തഭൂമിയിലെ തിരച്ചിൽ; സൂചിപ്പാറയിൽനിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി
Friday, August 9, 2024 11:26 AM IST
വയനാട്: ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ ഇന്ന് നടന്ന തിരച്ചിലില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. സൂചിപ്പാറ-കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്ന സ്ഥലത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരു ശരീരഭാഗവും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇവിടെനിന്ന് എയര്‍ലിഫ്റ്റ് ചെയ്യും.
സുല്‍ത്താന്‍ ബത്തേരിയിലെ ഹെലിപ്പാഡില്‍ മൃതദേഹങ്ങള്‍ കൊണ്ടുവരും. ഡിഎന്‍എ പരിശോധന അടക്കം നടത്തിയ ശേഷമാകും മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാനാവുക. ഈ മേഖല കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നാണ് വിവരം.
അതേസമയം ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ നടക്കുന്ന ജനകീയ തിരച്ചിലിനിടെ രണ്ടിടങ്ങളില്‍ മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായി. ഇതേ തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ഇവിടെ പരിശോധന നടത്തുകയാണ്.