ബുദ്ധദേവിന്റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ; പാർട്ടിയുടെ രണ്ടുദിവസത്തെ പരിപാടികൾ റദ്ദാക്കി
Thursday, August 8, 2024 3:48 PM IST
തിരുവനന്തപുരം∙ മുതിർന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് നേതാക്കൾ. ബുദ്ധദേവിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നും നിസ്വരോടൊപ്പം നിലകൊള്ളുകയും ഭരണകൂട അടിച്ചമര്‍ത്തലുകളെ ചെറുത്ത് അവരുടെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തയാളാണ് ബുദ്ധദേവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ബുദ്ധദേവ് ഭട്ടാചാര്യയോടുള്ള ആദരസൂചകമായി സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. അദ്ദേഹത്തിന്റെ മരണം ഞെട്ടലുളവാക്കിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. അദ്ദേഹം പാർട്ടിക്കും ബംഗാളിനും നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. പാർട്ടിയോടും ബംഗാളിനോടുമുള്ള ബുദ്ധദേവിന്റെ ആത്മസമർപ്പണം വലിയ മാതൃകയാണെന്നും യെച്ചൂരി വ്യക്തമാക്കി.
ബുദ്ധദേവിന്റെ മരണത്തിൽ അനുശോചിക്കുന്നുവെന്നും അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയാമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
ഇന്ത്യയിലുടനീളമുള്ള സിപിഎമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെയും നഷ്ടമാണ് ബുദ്ധദേവിന്റെ നിര്യാണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തോടുള്ള ആദരസൂചകമായി സിപിഎം ഇന്നും വെള്ളിയാഴ്ചയും നടത്താനിരുന്ന പൊതുപരിപാടികൾ റദ്ദാക്കിയതായും എം.വി. ഗോവിന്ദൻ അറിയിച്ചു.