കർശന പരിശോധന; യാത്രക്കാർ നേരത്തെ എത്തണമെന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതർ
Wednesday, August 7, 2024 10:47 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്.
പതിവ് സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
ഓഗസ്റ്റ് 20 വരെയാണ് സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചിരിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ കൂട്ടിയതിനാല്‍ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം എടുത്തേക്കാമെന്നും അതിനാല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും സിയാല്‍ അധികൃതർ അറിയിച്ചു.