സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; 51,000 രൂപയില്‍ താഴെ
Wednesday, August 7, 2024 12:44 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കനത്ത ഇടിവ് തുടരുന്നു. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 50,800 രൂപയിലും ഗ്രാമിന് 6,350 രൂപയിലുമാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ താഴ്ന്ന് 5,255 രൂപയിലെത്തി.
ഒരിടവേളയ്ക്കു ശേഷം താഴേക്കുപോയ സ്വർണവില ചൊവ്വാഴ്ച പവന് 640 രൂപയും ഗ്രാമിന് 80 രൂപയും കുറഞ്ഞിരുന്നു. മൂന്ന് ദിവസമായി ഉയർന്ന സ്വർണവില ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. തുടർന്ന് തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നലെയും ഇന്നും വീണ്ടും ഇടിഞ്ഞത്. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.
കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4,500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് വില താഴേക്കുപോയത്.
മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.
അതേസമയം, ചൊവ്വാഴ്ച മൂന്നുരൂപയുടെ കുറവുണ്ടായ വെള്ളിവില ഇന്നും ഗ്രാമിന് 87 രൂപയില്‍ മാറ്റമില്ലാതെ തുടരുകയാണ്.