കേന്ദ്രസർക്കാർ കെ റെയിലിനെ അനുകൂലിക്കുന്നില്ല; മന്ത്രി അശ്വനി വൈഷ്ണവ്
Tuesday, August 6, 2024 6:52 PM IST
ന്യൂഡൽഹി: കെ റെയിൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ 25000 ത്തോളം പേർ ഒപ്പിട്ട ഭീമ ഹർജി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് സമർപ്പിച്ചു. പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് സമര സമിതി കേന്ദ്രത്തെ സമീപിച്ചത്.
പദ്ധതിയെ കേന്ദ്ര സർക്കാർ അനുകൂലിക്കുന്നില്ലെന്ന് മന്ത്രി അശ്വനി വൈഷ്ണവ് സമര സമിതിയെ അറിയിച്ചു. നിലവിലെ ഡിപിആർ പ്രകാരം പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ 25000 പേർ ഒപ്പിട്ട ഹർജിയാണ് മന്ത്രിക്ക് കൈമാറിയത്.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സമരസമിതി രക്ഷാധികാരി ജോസഫ് എം. പുതുശേരിക്കൊപ്പം കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും പങ്കെടുത്തു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കെ റെയിലായിരുന്നു.
ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെങ്കിലും കെ റെയിൽ വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ നയമാണ് ഇതുവഴി വ്യക്തമായതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.