ലീഡ് നിലനിർത്താനായില്ല ; ലക്ഷ്യ സെൻ സെമിയിൽ വീണു
Sunday, August 4, 2024 5:14 PM IST
പാരീസ്: ഒളിമ്പിക്സ് ബാഡ്മിന്റൻ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെൻ സെമിയിൽ വീണു. ഡെൻമാർക്ക് താരം വിക്ടർ അക്സെൽസിനോടാണ് ലക്ഷ്യ പരാജയപ്പെട്ടത്.
സ്കോർ: 20 -22, 21 -14. രണ്ടു ഗെയിമുകളിലും ലീഡ് നേടിയ ശേഷമാണ് ലക്ഷ്യയ്ക്ക് പിഴച്ചത്. ആദ്യ ഗെയിമിൽ ഒരു ഘട്ടത്തിൽ 11 - 9നും, 15 - 9നും ലീഡെടുത്ത ലക്ഷ്യ 17-12 എന്ന നിലയിലും മുന്നിലായിരുന്നു.
പിന്നീട് അക്സൽസന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. ഇതോടെ സ്കോർ 20 -20 ഒപ്പത്തിനൊപ്പമായി. പിന്നീട് 21 - 20ന് ഗെയിം പോയിന്റിലേക്ക് നീങ്ങിയ താരം 22 - 20ന് ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും 5-0, 7-0, 8-3 എന്നിങ്ങനെ വ്യക്തമായ ലീഡോടെ മുന്നേറിയ ലക്ഷ്യയെ പിടിച്ചു കെട്ടാൻ ഡെൻമാർക്ക് താരം പടിച്ചപണി പതിനെട്ടും പുറത്തെടുത്തു. ഒടുവിൽ ലീഡ് 11-10 എത്തി.
പിന്നീട് ശക്തമായ ആക്രമണം നടത്തിയ അക്സെൽ 21 -14ന് ഗെയിമും മത്സരവും സ്വന്തമാക്കി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ലക്ഷ്യ സെൻ ഇനി വെങ്കല മെഡൽ പോരാട്ടത്തിനായി കളത്തിലിറങ്ങും.