വയനാട് ഉരുള്‍പൊട്ടിയ മേഖലയില്‍ ഇന്നും തെരച്ചില്‍ തുടരും
Sunday, August 4, 2024 6:17 AM IST
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമറ്റവും കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപവും തെരച്ചിൽ നടത്തുമെന്നാണ് വിവരം.
വിവിധ സംഘങ്ങളായി തിരിഞ്ഞായിരിക്കും പരിശോധന. തമിഴ്നാട് ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹായം അടക്കം പ്രയോജനപ്പെടുത്തിയാണ് കഴിഞ്ഞദിവസം തെരച്ചിൽ നടത്തിയത്. ഇന്നും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും.
ചാലിയാറിൽ രണ്ട് മേഖലകളിലായാണ് തെരച്ചിൽ നടത്തുക. ദുരന്തത്തില്‍ ഇതുവരെ 365 പേരാണ് മരിച്ചത്. മരിച്ചവരിൽ 30 പേർ കുട്ടികളാണ്. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക ടൗണ്‍ഷിപ്പ് നിര്‍മിക്കും. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തും. പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കും. ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായി നശിച്ചതിനാല്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.