പൊന്മുടി ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
Sunday, August 4, 2024 5:51 AM IST
തിരുവനന്തപുരം: പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. കനത്ത മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുളള പൊന്മുടി ഇക്കോ ടൂറിസം കഴിഞ്ഞ ദിവസം മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. മഴ അല്‍പ്പം ശമിച്ചതോടെയാണ് വീണ്ടും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്.
തിരുവനന്തപുരത്ത് മഴ അല്‍പ്പം ശമിച്ചെങ്കിലും സംസ്ഥാനത്ത് ചില ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ ജാഗ്രത പാലിക്കണം.
ജലാശയങ്ങളില്‍ ഇറങ്ങരുതെന്നാണ് നിര്‍ദ്ദേശം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കള്ളകടല്‍ മുന്നറിയിപ്പുണ്ട്. മധ്യകേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്.
മണ്‍സൂണ്‍ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെ കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.