ഒരുമിച്ച് നില്‍ക്കേണ്ട സമയം; ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് ശരിയായ നടപടിയെന്ന് ചെന്നിത്തല
Saturday, August 3, 2024 10:01 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് ശരിയായ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. അതിനാലാണ് ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രളയ സമയത്തും ഇങ്ങനെ ചെയ്തിരുന്നു. അതേ പാത പിന്തുടരാനാണ് ഇത്തവണയും അങ്ങനെ ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് അഭിപ്രായ വ്യത്യാസമില്ല. കെ. സുധാകരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തന്നെപറ്റി യാതൊരു പരാമര്‍ശവും നടത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പാര്‍ട്ടിക്ക് നല്‍കേണ്ടത് പാര്‍ട്ടിക്ക് നല്‍കും. ദുരിതാശ്വാസനിധിയിലേക്ക് നല്‍കേണ്ടത് അങ്ങനെയും ചെയ്യും. ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചെലവഴിക്കുകയാണെങ്കില്‍ അതിനെതിരെ നേരത്തെയും പോരാടിയിട്ടുണ്ട്. ഇപ്പോള്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല അറിയിച്ചു.
കക്ഷിരാഷ്ട്രീയത്തിനും മറ്റു ചിന്താഗതികള്‍ക്കും അപ്പുറത്ത് ദുരിതമനുഭവിക്കുന്നവരെ ഒരുമിച്ചു സഹായിക്കുകയാണ് വേണ്ടത്. അതിനാലാണ് എംഎല്‍എ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.