വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ സേവനമൊരുക്കി ബിഎസ്എൻഎൽ
Thursday, August 1, 2024 11:32 PM IST
കോട്ടയം: വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും മൂന്ന് ദിവസത്തേക്കു പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നൽകി ബിഎസ്എൻഎൽ. ഇതിനൊപ്പം 100 എസ്എംഎസും പ്രതിദിനം സൗജന്യമായിരിക്കും.
വയനാട് രക്ഷാദൗത്യത്തിനു പിന്തുണ നൽകുന്നതിനാണു ഈ തീരുമാനമെന്നു ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങളിൽ സൗജന്യ കണക്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്.
ചൂരൽമലയിലെ ഏക മൊബൈൽ ടവർ ബിഎസ്എൻഎല്ലിന്റേതാണ്. തടസമില്ലാതെ സേവനം നൽകുന്നതിനൊപ്പം ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്.
സാധാരണ 4ജി സ്പെക്ട്രത്തിനൊപ്പം 700 മെഗാഹെർട്സ് ഫ്രീക്വൻസിയും ഇവിടെ ലഭ്യമാക്കിയതായും അധികൃതർ വ്യക്തമാക്കി.