വിലങ്ങാട് ഉരുള്‍പൊട്ടൽ: 11 വീടുകൾ തകർന്നു, ഒരാളെ കാണാതായി
Tuesday, July 30, 2024 10:44 AM IST
കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലിൽ വ്യാപക നാശനഷ്ടങ്ങൾ. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍പൊട്ടിയത്. 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഒരാളെ കാണാതായി. മഞ്ഞച്ചീള് സ്വദേശി കുളത്തിങ്കല്‍ മാത്യു എന്ന മത്തായിയെ ആണ് കാണാതായത്.
ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിരക്ഷപ്പെട്ടതിനാൽ വൻദുരന്തമാണ് ഒഴിവായത്. നാല്പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു.
മഴവെള്ളം കുതിച്ചെത്തിയതിനെ തുടർന്ന് വിലങ്ങാട് മലയങ്ങാട് പാലം ഒലിച്ചുപോയി. ഈ പ്രദേശത്തെ ആളുകളെ ഇന്നലെ തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ റോഡുകളെല്ലാം തകർന്നു. എൻഡിആർ സംഘം വിലങ്ങാട് എത്തിയിട്ടുണ്ട്.
പുഴയുടെ വശങ്ങളിലുള്ള വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെന്റര്‍മുക്ക് ഭാഗങ്ങളില്‍ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം, കനത്ത മഴയിൽ ബാലുശേരി താഴെ തലയാട് പാലം ഒലിച്ചു പോയി.ഇതോടെ എസ്റ്റേറ്റ് മുക്കിൽ നിന്നും തലയാട് ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു.
നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വന്‍നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. താമരശേരി ചുരം എട്ടാം വളവില്‍ മണ്ണിടിഞ്ഞ് അപകടം. മരങ്ങള്‍ റോഡിലേക്ക് വീണു. വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തില്‍ കടത്തി വിടുന്നുണ്ട്. ചുരത്തില്‍ കനത്ത മഴ തുരുകയാണ്.
കുറ്റിയാടി മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെന്റര്‍മുക്ക് ഭാഗങ്ങളില്‍ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തൊട്ടില്‍പ്പാലം പുഴ കരകവിഞ്ഞൊഴുകുന്നു. ചോയിച്ചുണ്ടില്‍ ഏഴു വീടുകളില്‍ വെള്ളം കയറി. കാവിലുംപാറയില്‍ പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഇരുവഴഞ്ഞി പുഴയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞ് ഒഴുകുകിയതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാരശേരി പഞ്ചായത്തിലെ പുറ്റിയൂട്ടില്, മാന്ത്ര, പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.