തൃശൂർ മെഡിക്കൽ കോളേജ് വളപ്പിൽ രോഗിക്ക് പാമ്പ് കടിയേറ്റു
Monday, July 29, 2024 11:22 PM IST
തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ രോഗിക്ക് പാമ്പുകടിയേറ്റു. ഒറ്റപ്പാലം ദേവീകൃപ വീട്ടിൽ ദേവീദാസനെയാണ് പാമ്പ് കടിച്ചത്. സ്ഥലത്തുണ്ടായിരുന്നവർ ഉടനെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലെത്തിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. നീതി മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നുവാങ്ങാൻ പോയ ഇദ്ദേഹം പുറത്തുള്ള കരിങ്കല്ലിനു മുകളിൽ ഇരുന്നപ്പോഴാണ് പാന്പു കടിയേറ്റത്. കല്ലിനു സമീപത്തെ പുല്ലിൽ കൈ വച്ചപ്പോൾ വലതുകൈക്ക് കടിയേൽക്കുകയായിരുന്നു.
ട്രോമാകെയറിൽ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തിനു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം.