ബജറ്റിൽ വിവേചനം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം
Wednesday, July 24, 2024 11:54 AM IST
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെന്റിന്റെ ഇരുസഭകളിലും ബജറ്റിൽ വിവേചനമുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു.
ബിഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി കൊടുത്ത ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് യാതൊന്നും നൽകിയില്ലെന്നാണ് വിമർശനം ഉന്നയിക്കുന്നത്.
ബജറ്റിനെതിരെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും ബഹളത്തോടെയാണ് തുടങ്ങിയത്. ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.
സീതാരാമൻ സംസാരിക്കുന്നതിനിടെ നിരവധി പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഇന്ന് സഭയ്ക്ക് പുറത്ത് പ്രതിപക്ഷ കക്ഷികൾ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അടക്കം സാന്നിധ്യത്തിൽ പ്രതിഷേധിച്ചിരുന്നു.