സംവിധായകൻ നഹാസിനെതിരെ പരാതിയുമായി ആർഡിഎക്സ് നിർമാതാവ്
Monday, July 22, 2024 2:25 PM IST
കൊച്ചി: ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്തിനെതിരെ പരാതിയുമായി ആർഡിഎക്സ് സിനിമയുടെ നിർമാതാവ്. നഷ്ടപരിഹാരമായി ഒരു കോടിരൂപയിലേറെ രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി കോടതിയെ സമീപിച്ചു. ഹർജിയിൽ സംവിധായകൻ നഹാസിന് കോടതി സമൻസ് അയച്ചു.
കരാർ ലംഘനം ആരോപിച്ചാണ് സോഫിയ പോൾ നഹാസിനെതിരെ നടപടി സ്വീകരിച്ചത്. ആർഡിഎക്സ് സിനിമ സംവിധാനം ചെയ്യാൻ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നൽകാമെന്നായിരുന്നു കരാർ.
രണ്ടാമത്തെ സിനിമയും ഇതേ നിർമാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറിൽ ഉണ്ടായിരുന്നു. കരാർ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നൽകി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാൻസായി 40 ലക്ഷം രൂപയും, പ്രി–പ്രൊഡക്ഷൻ ജോലികൾക്കായി നാല് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപയും നൽകിയെന്നും ഹർജിയിൽ പറയുന്നു.
പിന്നീട് പുതിയ പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചുവെന്നാണ് ആരോപണം. പലതവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഹാസ് വഴങ്ങിയില്ല.
തുടർന്നാണ് വാങ്ങിയ തുകയും 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ആവശ്യപ്പെട്ട് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. 18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നൽകണമെന്നാണ് ആവശ്യം. അതേസമയം, സമൻസ് ലഭിച്ചിട്ടില്ലെന്ന് നഹാസ് ഹിദായത്ത് പ്രതികരിച്ചു.