റെയില്‍വേ പാലത്തിൽനിന്ന് നാല് പേര് ചാലക്കുടിപ്പുഴയില്‍ വീണു?; തിരച്ചില്‍ തുടങ്ങി
Monday, July 22, 2024 11:50 AM IST
തൃശൂര്‍: ചാലക്കുടിപ്പുഴയിലെ റെയില്‍വേ പാലത്തിലൂടെ നടന്നുപോയ നാല് പേര് പുഴയില്‍ വീണതായി സംശയം. പാലത്തില്‍വച്ച് ഒരാളെ ട്രെയിന്‍ തട്ടിയതായും മൂന്ന് പേര് പുഴയില്‍ ചാടിയതായും ലോക്കോ പൈലറ്റ് ആണ് പോലീസിനെ അറിയിച്ചത്.
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെ റെയില്‍വേ പാലത്തിന് സമീപത്തുവച്ച് സ്വര്‍ണക്കൈമാറ്റവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായെന്നാണ് പോലീസിന്റെ നിഗമനം.
ഇതില്‍ നാല് പേര് പുഴയുടെ ഭാഗത്തേക്ക് ഓടിപ്പോയപ്പോള്‍ ട്രെയിന്‍ ഇതുവഴി വന്നതാകാമെന്നും പോലീസ് പറയുന്നു. ഒരാളെയാണ് ട്രെയിന്‍ തട്ടിയതെന്നും മറ്റുവള്ളവർ പുഴയിലേക്ക് ചാടിയെന്നുമാണ് ലോക്കോ പൈലറ്റ് മൊഴി നല്‍കിയിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. പ്രദേശത്തുനിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.