ഒഡീഷയില്‍ ബിജു ജനതാദള്‍ നിഴല്‍ മന്ത്രിസഭ പ്രഖ്യാപിച്ചു
Saturday, July 20, 2024 1:32 AM IST
ഭുവനേശ്വര്‍: ഒഡീഷയില്‍ ബിജു ജനതാദള്‍ നിഴല്‍ മന്ത്രിസഭ പ്രഖ്യാപിച്ചു. 50 എംഎല്‍എമാര്‍ക്കാണ് നവീന്‍ പട്നായിക്ക് നിഴല്‍ മന്ത്രിസഭയുടെ ചുമതല നല്‍കിയിരിക്കുന്നത്.
ആദ്യമായാണ് ഒരു പാര്‍ട്ടി സംസ്ഥാനതലത്തില്‍ നിഴല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഔദ്യോഗികമായി നടപടി സ്വീകരിക്കുന്നത്. പാര്‍ട്ടി ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ബിജെപി മന്ത്രിസഭയെ സമ്മര്‍ദത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബിജെഡിയുടെ നിഴല്‍ മന്ത്രിസഭയുടെ ദൗത്യം. മോഹന്‍ മാഞ്ചിയുടെ നേതൃത്വത്തിലാണ് ഒഡീഷയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്.
ഒഡീഷ നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂലൈ 22ന് ആണ് ആരംഭിക്കുന്നത്. ഈ സാഹചര്യത്തിൽ ചുമതലയുള്ള വകുപ്പുകളിലെ തീരുമാനങ്ങളും നയങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിഴല്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
മുന്‍ മന്ത്രി നിരഞ്ജന് പൂജാരിയ്ക്ക് ആഭ്യന്തര, ഭക്ഷ്യ, ഉപഭോക്തൃ ക്ഷേമ വകുപ്പുകളുടെ നിരീക്ഷണ ചുമതലയാണുള്ളത്. മുന്‍ ധനമന്ത്രി പ്രസന്ന ആചാര്യയ്ക്കാണ് ധനവകുപ്പ് നിരീക്ഷിക്കാനുള്ള ചുമതല. പൊതുഭരണവും പൊതുജന പരാതികളും പരിഗണിക്കുന്ന വകുപ്പ് നിരീക്ഷിക്കാൻ പ്രതാപ് ദേബിനെയും ചുമതലപ്പെടുത്തി.