വിദ്യാർഥി പ്രക്ഷോഭം; ബംഗ്ലാദേശിൽ വിദ്യാർഥികൾ ടിവി ആസ്ഥാനത്ത് തീയിട്ടു
Friday, July 19, 2024 5:22 AM IST
ധാക്ക: ബംഗ്ലാദേശിൽ വിദ്യാർഥികൾ വ്യാഴാഴ്ച രാജ്യത്തെ ടിവി ആസ്ഥാനത്ത് തീയിട്ടു. 32 പേരുടെ മരണത്തിനിടയാക്കിയ സംഘർഷം ശമിപ്പിക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നെറ്റ്വർക്കിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം.
സർക്കാർ ജോലി നേടാനുള്ള നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ പോലീസിനെ ആക്രമിക്കുകയും ചെയ്തു. നെറ്റ്വർക്കിന്റെ കെട്ടിടത്തിനും പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു.
തീ പടർന്നതിനാൽ നിരവധി ആളുകൾ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ബ്രോഡ്കാസ്റ്റർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നാൽ സുരക്ഷിതമായി കെട്ടിടം ഒഴിപ്പിച്ചതായി ഒരു ജീവനക്കാരൻ വ്യക്തമാക്കി. സംപ്രേക്ഷണം തത്ക്കാലം നിർത്തിവച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യയുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബങ്ങൾക്ക് 30% അനുവദിക്കുന്ന തൊഴിൽ ക്വാട്ട നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നേരത്തെ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.
തൊഴിൽ ക്വോട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയെ പിന്തുണയ്ക്കുന്നവർക്ക് അനുകൂലമാണെന്ന് പ്രകടനക്കാർ ആരോപിക്കുന്നു. നിലവിലെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് പകരം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനം കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെടുന്നു.