ഡൽഹിയിലെ ആശുപത്രിയിൽ ആളുമാറി രോഗിയെ വെടിവച്ചു കൊന്നു
Monday, July 15, 2024 10:41 PM IST
ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ ആളുമാറി രോഗിയെ വെടിവച്ചു കൊന്നു. റിയാസുദ്ദീൻ(32) എന്നയാളാണ് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ കൊല്ലപ്പെട്ടത്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് വെടിവയപ്പുണ്ടായത്. ഗുണ്ടാ തലവൻ ഹാഷിം ബാബയുടെ സംഘത്തിലെ നാലുപേരടങ്ങിയ ആക്രമികൾ എതിർ സംഘത്തിലെ ഒരാളെ കൊലപ്പെടുത്താനാണ് ആശുപത്രിയിലെത്തിയത്.
18 വയസുള്ള ഒരാളാണ് റിയാസുദ്ദീനെ വെടിവച്ചത്. എന്നാൽ ഇവർ ലക്ഷ്യമിട്ടു വന്നയാൾ റിയാസുദ്ദീൻ കിടന്ന കട്ടിലിന് എതിർ വശത്താണുണ്ടായിരുന്നത്.
ആക്രമിസംഘത്തിന് അബദ്ധം സംഭവിച്ചതിനാൽ നിരപരാധിയായ റിയാസുദ്ദീൻ കൊല്ലപ്പെട്ടു. ജൂൺ 23നാണ് വയറിലെ അണുബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആക്രമിസംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടർ ഫായിസിനെ ലോണിയിൽ നിന്നും ഫർഹാനെ ഡൽഹിയിലെ സീലംപൂരിൽ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.