ട്രംപിനു നേരെയുണ്ടായ വധശ്രമം: അക്രമി തോക്കേന്തി ഇഴയുന്നത് കണ്ടു, അഞ്ച് പ്രാവശ്യം വെടിവച്ചു: ദൃക്സാക്ഷി
Sunday, July 14, 2024 7:30 AM IST
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു നേരെ വെടിയുതിർത്ത ആക്രമിയെ കണ്ടെന്ന് ദൃക്സാക്ഷി. സംഭവ സ്ഥലത്തുണ്ടായിരുന്ന ഗ്രെഗ് എന്നയാൾ ബിബിസിയോടാണ് വെളിപ്പെടുത്തൽ നടത്തിയത്.
പരിപാടി നടന്ന ഗ്രൗണ്ടിന് സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ കൂടി തോക്കും കൈയിലേന്തി ആക്രമി ഇഴയുന്നത് കണ്ടുവെന്ന് ഗ്രെഗ് വെളിപ്പെടുത്തി. ഇതേക്കുറിച്ച് പോലീസിനെയും രഹസ്യാന്വേഷണ വിഭാഗത്തെയും അറിയിച്ചിരുന്നതായു അദ്ദേഹം പറഞ്ഞു. അഞ്ച് പ്രാവശ്യം വെടിയൊച്ച മുഴങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
പെൻസിൽവാനിയയിൽ വച്ചാണ് ട്രംപിനു നേരെ വെടിവയ്പ്പുണ്ടായത്. ആക്രമണത്തിനിടെ ട്രംപിന്റെ വലതു ചെവിയിൽ പരിക്കേറ്റു. ട്രംപിന്റെ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവം ഉണ്ടായ ഉടൻ തന്നെ ട്രംപിനെ സ്റ്റേജിൽ നിന്നും മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമാണ്. വെടിയുതിർത്തതെന്നു സംശയിക്കുന്ന ആളും റാലിയിൽ പങ്കെടുത്ത ഒരാളും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. റാലിയിൽ പങ്കെടുത്ത മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.