ഒരു സർവകലാശാലയിൽ രണ്ട് സേർച്ച് കമ്മിറ്റികൾ; ഗവർണറും സർക്കാരും വീണ്ടും തുറന്ന പോരിലേക്ക്
എം. സുരേഷ്ബാബു
Saturday, July 13, 2024 12:49 PM IST
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കുശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിക്ക് ബദലായി സർക്കാരും പുതിയ സേർച്ച് കമ്മിറ്റി രൂപീകരിച്ചതാണ് ഗവർണർക്കെതിരേ വീണ്ടും തുറന്ന പോരിന് കളമൊരുക്കിയിരിക്കുന്നത്.
സർക്കാർ രൂപീകരിച്ച അഞ്ചംഗ സേർച്ച് കമ്മിറ്റി നിയമപരമായി നിലനിൽക്കുമോയെന്ന ചോദ്യം ബാക്കിയാണ്. ഗവർണറുടെ പ്രതിനിധിയില്ലാത്ത സേർച്ച് കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ഗവർണറുമായുള്ള പോര് മൂർച്ഛിച്ച് വിസി നിയമനം കോടതിയിലെത്തിക്കാനുള്ള നീക്കമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഗവർണർക്ക് കീഴടങ്ങാതെ നിയമനം പരമാവധി വൈകിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. ഗവർണറുടെ കാലാവധി കഴിയുകയും പുതിയ ഗവർണർ എത്തുകയും ചെയ്താൽ കാര്യങ്ങൾ സർക്കാർ തീരുമാനിക്കുന്ന പോലെ നടപ്പാക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലുകളും ഉണ്ട്. അതേ സമയം കേന്ദ്രസർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കാലാവധി നീട്ടി കൊടുത്താൽ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ നടക്കില്ല.
സേർച്ച് കമ്മിറ്റിയിലേക്ക് സർക്കാരിന്റെ പ്രതിനിധികളെ നൽകാത്തത് കാരണമാണ് ഗവർണർ സ്വന്തം നിലയ്ക്ക് സേർച്ച് കമ്മിറ്റി രൂപീകരിച്ചത്. കേരള, എംജി, കാർഷിക, മലയാളം, ഫിഷറീസ് എന്നീ സർവകലാശാലകളിലെ നിയമനമാണ് നടത്തേണ്ടത്. യുജിസിയുടെയും ചാൻസലറുടെയും നോമിനികളെ ഉൾപ്പെടുത്തി രാജ്ഭവൻ നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു.
സർക്കാരും ഗവർണറും തമ്മിൽ നേരത്തെയും സർവകലാശാല വിസി നിയമന വിഷയത്തിലാണ് ബന്ധം വഷളായത്. ഗവർണർക്കെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധമാണ് സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നതയും അകൽച്ചയും വർധിക്കാൻ കാരണമായത്.
സംസ്ഥാന പോലീസിന്റെ സുരക്ഷയിൽ തനിക്ക് വിശ്വാസമില്ലെന്നും കേന്ദ്രസർക്കാർ സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ഗവർണർ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും രേഖാമൂലം റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ കേന്ദ്രസേനയാണ് അദ്ദേഹത്തിന് നിലവിൽ സുരക്ഷയൊരുക്കുന്നത്.