വാഗ്ദാനങ്ങൾ പാലിച്ചില്ല; വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ
Thursday, July 11, 2024 8:23 PM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുന്പോൾ തീരദേശ വാസികൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു വെള്ളിയാഴ്ച നടക്കുന്ന ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്നു ശശി തരൂർ എംപി.
ആദ്യ കപ്പൽ വന്ന് 10 മാസം കഴിഞ്ഞിട്ടും തീരദേശ സമൂഹത്തിന്റെ ദുരിതമകറ്റാൻ ഒരു ശ്രമവും സർക്കാർ നടത്തിയില്ല. നഷ്ടപരിഹാരം, പുനരധിവാസം, കടൽഭിത്തികളും ഗ്രോയിനുകളും നിർമിച്ച് തീരദേശ മണ്ണൊലിപ്പ് ഫലപ്രദമായി തടയുമെന്ന വാഗ്ദാനം തുടങ്ങിയവയൊന്നും ഇതുവരെ നടപ്പാക്കിയില്ല.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് വിതരണം ചെയ്യേണ്ട 475 കോടി രൂപയുടെ പുനരധിവാസ പാക്കേജ് 2015 സെപ്റ്റംബറിൽ അനുവദിച്ചു. 2016ൽ അധികാരമേറ്റ ഇടതു സർക്കാർ ഇതുവരെ അത് നിറവേറ്റിയിട്ടില്ല.
ദുരിതങ്ങൾ ലഘൂകരിക്കാൻ കാര്യമായൊന്നും ചെയ്യാത്ത ഭരണകൂടത്തിനെതിരെ മത്സ്യത്തൊഴിലാളി സമൂഹം പ്രതിഷേധിച്ചപ്പോൾ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണം നിർത്തിവയ്ക്കുക എന്നൊരു ആവശ്യമൊഴികെ, അവരുടെ എല്ലാ ന്യായമായ ആവശ്യങ്ങളെയും താൻ പിന്തുണച്ചിരുന്നതായും ശശി തരൂർ പറഞ്ഞു.