ഈരാറ്റുപേട്ട കള്ളനോട്ട് കേസില്‍ മൂന്ന് യുവാക്കൾ അറസ്റ്റിൽ
Wednesday, July 3, 2024 8:44 PM IST
കോട്ടയം: ഈരാറ്റുപേട്ടയിൽ രണ്ടു ലക്ഷത്തിൽപ്പരം രൂപയുടെ കള്ളനോട്ട് പിടിച്ചതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഈരാറ്റുപേട്ട കാരയക്കാട് അൽഷാം സി.എ (30), നടക്കൽ മുണ്ടയ്ക്കൽപറമ്പ് വെട്ടിക്കാട്ട് വീട്ടിൽ അൻവർഷാ ഷാജി (26), നടക്കൽ കിഴക്കാവിൽ വീട്ടിൽ ഫിറോസ് കെ.എസ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഈരാറ്റുപേട്ട അരുവിത്തുറയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഫിറോസ് പിടിയിലായത്.
സുഹൃത്തായ അൻവർഷാ ഷാജിയാണ് കമ്മീഷൻ തരാമെന്ന് പറഞ്ഞ് 500 ന്റെ ഒമ്പത് കള്ളനോട്ടുകൾ തനിക്ക് തന്നതെന്ന് ഇയാൾ മൊഴി നൽകി. തുടർന്ന് അൻവർഷായെ അറസ്റ്റുചെയ്യുകയായിരുന്നു.
ശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് അൽഷാം എന്നയാളാണ് തനിക്ക് കമ്മീഷൻ വ്യവസ്ഥയിൽ അഞ്ഞൂറ് രൂപയുടെ 12 കള്ളനോട്ട് തന്നതെന്ന് ഇയാൾ മൊഴി നൽകിയത്. തുടർന്ന് അൽഷാമിനെ പിടികൂടിയതോടെയാണ് ഇയാളുടെ പക്കൽനിന്ന് 2,24,000 രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകൾ കണ്ടെത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. സംഭവത്തിൽ ഇവർക്ക് കള്ളനോട്ട് എത്തിച്ചവർക്കായി പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.