ലഹരിവില്പന; ഡൽഹിയിൽ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസെടുത്തു
Monday, July 1, 2024 9:20 AM IST
ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസെടുത്തു. ഡല്‍ഹി കമല മാര്‍ക്കറ്റ് പോലീസാണ് ലഹരി വില്പനയുമായി ബന്ധപ്പെട്ട് കേസെടുത്തത്.
ബിഎന്‍എസ് (ഭാരതീയ ന്യായ സംഹിത) 285-ാം വകുപ്പ് പ്രകാരമാണ് കേസ്. വഴിയോര കച്ചവടക്കാരനെതിരേയാണ് കേസെടുത്തത്.
പൊതുഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയില്‍ ഇയാള്‍ മറ്റൊരാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇത് പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ലഹരിവില്‍പ്പന നടക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ഇന്ന് മുതൽ നിലവിൽ വന്നത്. ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ.