ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമിയിൽ
Tuesday, June 25, 2024 12:39 AM IST
സെന്റ് ലൂസിയ: ഐസിസി ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ കടന്ന് ഇന്ത്യ. ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ 24 റണ്‍സിന് ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് സെമി ഉറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 205 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റിന് 181 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
അതേസമയം ഓസ്ട്രേലിയയുടെ സെമി പ്രവേശനം ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിന്റെ ഫലം അനുസരിച്ചാകും. അഫ്ഗാനിസ്ഥാൻ ജയിച്ചാൽ ഓസീസ് പുറത്താകും.
ക്യാപ്റ്റൻ രോഹിത് ശർമയുടെ 92 റണ്‍സ് മികവിലാണ് ഇന്ത്യ ഇരുന്നൂറ് കടന്നത്. ഇന്ത്യയെ ബാറ്റിംഗിനു വിടാനുള്ള തീരുമാനം ശരിയെന്ന് വ്യക്തമാക്കുന്നതു പോലെയായിരുന്നു ഓസീസ് ബൗളർ തുടങ്ങിയത്.
രണ്ടാം ഓവറിൽ റണ്ണൊന്നുമെടുക്കാതെ നിന്ന വിരാട് കോഹ്ലിയെ ജോഷ് ഹെയ്സൽവുഡ് ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. ഋഷഭ് പന്തും (14 പന്തിൽ 15) വേഗം മടങ്ങി. ഇതിനിടെ ട്വന്റി 20 ചരിത്രത്തിൽ രോഹിത്തിന്റെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയും പിറന്നു. ഇന്ത്യൻ സ്കോർ 52ലെത്തിയപ്പോൾ 50 റണ്‍സും രോഹിത്തിന്റേതായിരുന്നു. അന്താരാഷ്ട്ര ട്വന്റി 20യിൽ ഒരു ബാറ്റർ അർധ സെഞ്ചുറി നേടുന്പോളുള്ള ഏറ്റവും കുറഞ്ഞ ടോട്ടലാണിത്.
സൂര്യകുമാറിനൊപ്പം രോഹിത് ശർമയ്ക്കു കൂടുതൽ നേരം ക്രീസിൽ ചെലവഴിക്കാനായില്ല. 34 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചശേഷം ഇവർ പിരിഞ്ഞു. സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന രോഹിത്തിനെ യോർക്കറിലൂടെ സ്റ്റാർക്ക് ക്ലീൻബൗൾഡാക്കി. 41 പന്തിൽ 92 റണ്‍സ് നേടിയ നായകന്റെ ബാറ്റിൽനിന്ന് എട്ട് സിക്സും ഏഴു ഫോറുമാണ് പിറന്നത്.
പുരുഷ ട്വന്റി 20 ലോകകപ്പിൽ ഒരു ഇന്ത്യൻ നായകന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇന്ത്യൻ സ്കോർ 159ലെത്തിയപ്പോൾ സൂര്യകുമാറിനെ (31) സ്റ്റാർക്ക് വിക്കറ്റ്കീപ്പർ മാത്യു വേഡിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയവരിൽ ശിവം ദുബെ (28), ഹാർദിക് പാണ്ഡ്യ (27*) എന്നിവർ തിളങ്ങിയതോടെ ഇന്ത്യയുടെ സ്കോർ 200 കടന്നു.
മറുപടി ബാറ്റിംഗിൽ ഓസീസിന് ആദ്യ ഓവറിൽ തന്നെ ഡേവിഡ് വാർണറെ (ആറ്) നഷ്ടമായി. പിന്നീട് ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് ആക്രമിച്ചു കളിച്ചതോടെ ഓസീസ് സ്കോർ ഉയർന്നു. 81 റണ്‍സ് ഈ കൂട്ടുകെട്ടിൽ പിറന്നത്. 28 പന്തിൽ 37 റണ്‍സുമായി തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച മാർഷിനെ ബൗണ്ടറി ലൈനിനരുകിൽവച്ച് മികച്ചൊരു ഒറ്റക്കൈ ക്യാച്ചിൽ അക്സർ പട്ടേൽ പിടികൂടി. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്.
ഹെഡിനൊപ്പം ഗ്ലെൻ മാക്സ് വെല്ലും ചേർന്ന് റണ്‍ ഉയർത്തിക്കൊണ്ടിരുന്നു. മാക്സ്വെല്ലിനെ (12 പന്തിൽ 20) ക്ലീൻബൗൾഡാക്കി കുൽദീപ് യാദവ് ഇന്ത്യക്ക് ആശ്വാസം നൽകി. അക്സർ പട്ടേലിനെ റിവേഴ്സ് സ്വീപ്പ് ചെയ്ത മാർക്സ് സ്റ്റോയിനിസ് പന്ത് നേരെ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് പുറത്തേക്കു നടന്നു. വൈകാതെ 43 പന്തിൽ നാലു സിക്സും ഒന്‍പത് ഫോറും സഹിതം 76 റണ്‍സ് നേടിയ ഹെഡ് പുറത്തായതോടെ ഓസീസ് തോൽവിയിലേക്കു പതിച്ചു.