റഷ്യയിൽ ആരാധനാലയങ്ങളിലെ വെടിവയ്പ്പ്; മരണസംഖ്യ 15 ആയി
Monday, June 24, 2024 12:47 PM IST
മോസ്കോ: റഷ്യയിൽ നോർത്ത് കോക്കസസ് മേഖലയിലെ ഡെർബെന്റിൽ രണ്ടു ഓർത്തഡോക്സ് പള്ളികളിലും ജൂത ആരാധനാലയത്തിലുമുണ്ടായ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഒരു പുരോഹിതനും 14 പോലീസുകാരുമാണ് കൊല്ലപ്പെട്ടത്.
അഞ്ച് അക്രമികൾ പോലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ആകെ എത്ര പേർ മരിച്ചെന്ന് റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. 25 ലേറെപേർക്കു പരിക്കുണ്ട്.
ഞായറാഴ്ച ആരാധനാലയങ്ങളിലെത്തിയവര്ക്കുനേരേ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. അറുപത്തിയാറുകാരനായ ഫാ. നിക്കോളായ് (66) പള്ളിക്കുള്ളിലാണു കൊല്ലപ്പെട്ടത്. വെടിവയ്പിനെ തുടര്ന്ന് ജൂത ആരാധനാലയം കത്തിനശിച്ചു. ഒരു പോലീസ് പോസ്റ്റിനുനേരേയും വെടിവയ്പുണ്ടായി.
അക്രമത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല.
ആക്രമണം തീവ്രവാദ പ്രവർത്തനമാണെന്നു റഷ്യയുടെ ദേശീയ തീവ്രവാദ വിരുദ്ധ സമിതി പറഞ്ഞു. മുൻപ് ഭീകരാക്രമണങ്ങൾ നടന്നിട്ടുളള മേഖലയാണിത്.
ആക്രമണത്തിൽ അനുശോചിച്ച് മേഖലയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകൾ പകുതി താഴ്ത്തി കെട്ടി. എല്ലാ വിനോദ പരിപാടികളും റദ്ദാക്കി. തീവ്രവാദികളെ നേരിടാൻ റഷ്യൻ സുരക്ഷാ സേന ശക്തമായ നടപടികൾ ആരംഭിച്ചു.