പവന് കല്യാണ്‍ വിജയിച്ചാല്‍ പേര് മാറ്റുമെന്ന് പറഞ്ഞ വൈഎസ്ആര്‍സിപി നേതാവ് വാക്ക് പാലിച്ചു
Friday, June 21, 2024 3:24 PM IST
അമരാവതി: ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ജനസേന പാര്‍ട്ടി അധ്യക്ഷന്‍ പവന് കല്യാണ്‍ വിജയിച്ചാല്‍ സ്വന്തം പേര് മാറ്റുമെന്ന് പ്രഖ്യാപിച്ച വൈഎസ്ആര്‍സിപി നേതാവ് വാക്ക് പാലിച്ചു. വൈഎസ്ആര്‍സിപിയുടെ മുതിര്‍ന്ന നേതാവ് മുദ്രഗഡ പദ്മനാഭം ആണ് പേര് മാറ്റിയത്. പദ്മനാഭ റെഡ്ഡി എന്നാണ് അദ്ദേഹത്തിന്റെ പുതിയ പേര്.
തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് താനെന്ന് പേര് മാറ്റിയ ശേഷം അദ്ദേഹം പ്രതികരിച്ചു. ആരും നിര്‍ബന്ധിച്ചിട്ടല്ല പേര് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
പിതാപുരം മണ്ഡലത്തില്‍ നിന്ന് പവന് കല്യാണ്‍ ഒരു കാരണവശാലും വിജയിക്കില്ലെന്നും അഥവാ വിജയിച്ചാല്‍ തന്റെ പേര് മാറ്റുമെന്നുമാണ് വൈഎസ്ആര്‍സിപി നേതാവ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പവന് വിജയിച്ചു.
വൈഎസ്ആര്‍സിപിയുടെ ഗീതാ വിശ്വനാഥ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. പിതാപുരത്ത് നിന്ന് വിജയിച്ച പവൻ കല്യാണ്‍ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയുമായി.
ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിലേക്കാണ് ജനസേന മത്സരിച്ചത്. ഇവർ എല്ലാവരും ജയിച്ച് നിയമസഭയിലെത്തി. ലോക്സഭയിലേക്ക് മത്സരിച്ച പാർട്ടിയുടെ രണ്ട് സ്ഥാനാർഥികളും ജയിച്ചു കയറി. അങ്ങനെ രണ്ട് തെരഞ്ഞെടുപ്പുകളിലുമായ 100 ശതമാനം വിജയമാണ് പവൻ കല്യാണിന്റെ പാർട്ടിക്ക് ലഭിച്ചത്.