മദ്യനയക്കേസിൽ അരവിന്ദ് കേജരിവാളിന് ജാമ്യം
Thursday, June 20, 2024 8:31 PM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം. ജാമ്യം ലഭിച്ചതോടെ കേജരിവാൾ ജയിലിൽനിന്ന് നാളെ പുറത്തിറങ്ങും. ഡൽഹി റൗസ് അവന്യൂ കോടതിയാണ് കേജരിവാളിന് ജാമ്യം അനുവദിച്ചത്.
ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി.
കേസിൽ നേരത്തെ അറസ്റ്റിലായ മലയളിയായ പ്രതി വിജയ് നായരാണ് കേജരിവാളിന്റെ നിർദേശപ്രകാരം അഴിമതി പണം കൈകാര്യം ചെയ്തതെന്ന് ഇഡി കോടതിയിൽ വാദിച്ചു. പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കിൽ ആ പാർട്ടിയുടെ തലവനും കുറ്റക്കാരനാണെന്നും ഇഡി പറഞ്ഞു.
എന്നാൽ ഇതെല്ലാം ഇഡിയുടെ ഊഹാപോഹങ്ങൾ ആണെന്നായിരുന്നു കേജരിവാളിന്റെ അഭിഭാഷകന്റെ നിലപാട്. മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും കേജരിവാളിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.