എൻജിനിൽ തീ; പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ വിമാനം തിരിച്ചിറക്കി, ഒഴിവായത് വൻ ദുരന്തം
Thursday, June 20, 2024 2:45 PM IST
ന്യൂഡൽഹി: എൻജിനിൽ തീപടർന്നതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിൽ 130 യാത്രക്കാരുണ്ടായിരുന്നു.
പുറപ്പെട്ട് ഏകദേശം 15 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിന്റെ വലത് എൻജിനിൽ തീപിടിക്കുകയായിരുന്നു. പൈലറ്റ് പെട്ടെന്ന് തന്നെ യാത്രക്കാരോട് ശാന്തരായിരിക്കാൻ മുന്നറിയിപ്പ് നൽകിയ ശേഷം അടിയന്തര ലാൻഡിംഗിന് അനുമതി തേടി.
സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ആർക്കും പരിക്കുകളില്ല.