മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് പോലീസുകാരനും യുവതിക്കും പരിക്ക്
Wednesday, June 19, 2024 1:11 AM IST
മുംബൈ: മഹാരാഷ്ട്രയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് പോലീസുകാരനും യുവതിക്കും പരിക്ക്. അപകടവുമായി ബന്ധപ്പെട്ട് പ്രതി ഹിതൻ ദേശായിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവസമയത്ത് മദ്യലഹരിയിലായിരുന്ന ഹിതൻ ദേശായി ബാന്ദ്രയിലെ ലിങ്കിംഗ് റോഡിൽ കൂടിയാണ് വാഹനമോടിച്ചത്.
ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിന് സമീപം നിന്ന യുവതിയെയാണ് ഇയാൾ ആദ്യം ഇടിച്ചു തെറുപ്പിച്ചത്. തുടർന്ന് ഇയാളെ തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയും ഇടിച്ചിട്ടു.
എന്നിട്ടും ഇയാൾ വാഹനം നിർത്താൻ തയാറായില്ല. തുടർന്ന് സംഭവത്തിൽ ഇടപെട്ട പ്രദേശവാസികളാണ് ഇയാളെ പിടികൂടി പോലീസിന് കൈമാറിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മോട്ടോർ വാഹന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.