ഡിഎൽഎഫ് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ; ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
Tuesday, June 18, 2024 1:27 PM IST
കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത് ഗൗരവമുള്ള വിഷയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.
ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫ്ലാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികള്‍ പല ആശുപത്രികളില്‍ ചികിത്സ തേടിയതുകൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെടാതിരുന്നത്. അക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ചയാണ് ഫ്ലാറ്റിലെ ഒരാള്‍ തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കുകയായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.